Skip to main content

ജീവിത ചിന്തകൾ

 ജീവിതത്തെ അതിൻ്റെ സമഗ്രതയിൽ കാണാൻ കഴിയുന്ന ഒരു തലമുറ അന്യമാകുന്നത്   ദു:ഖത്തോടെയേ കാണാൻ കഴിയൂ. ഇത് വരാൻ പോകുന്ന ഒരു മഹാവിപത്തിൻ്റെ തുടക്കമെന്നല്ല വളർന്നു പന്തലിക്കാൻ തുടങ്ങിയ ഒരു ചെറു വൃക്ഷമായിത്തന്നെ വേരുപിടിച്ചിരിക്കുന്നു എന്നു തന്നെ പറയണം. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം വ്യാപകമാകുന്നതും വിവാഹം തന്നെ വേണ്ടെന്നു ചിന്തിക്കുന്ന ഒരു പുതു തലമുറ വളർന്നു വരുന്നതായി കണ്ടുവരുന്നതും തികച്ചും ആശങ്കാജനകമാണ്. ഇതിനു കാരണം തങ്ങളുടെ നാലുപാടും നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന തികച്ചും അസംതൃപ്തവും ദുരിതപൂർണ്ണവുമായ ജീവിതങ്ങളെ കണ്ടുണ്ടാകുന്ന ആശങ്കയാകാം. ഇതു വരെയുള്ള തങ്ങളുടെ ജീവിതത്തിൽ തങ്ങൾ അനുഭവിച്ചതും കണ്ടു വളർന്നതുമായ അസ്വാതന്ത്ര്യവും വേർതിരിവും അരക്ഷിതാവസ്ഥയുമാകാം.  തങ്ങൾക്കു ലഭിക്കാവുന്ന സ്വാതന്ത്ര്യം ചുരുങ്ങിപ്പോകുന്നതിലുള്ള അസംതൃപ്തിയാകാം. വൈകാരികമായി തങ്ങൾക്കുണ്ടാകുന്ന സമ്മർദ്ദങ്ങളെയും മാനസിക സംഘർഷങ്ങളെയും നേരിടുവാനുള്ള ആത്മവിശ്വാസക്കുറവാകാം. എന്തായാലും കാലവിളംബം കൂടാതെ സുചിന്തിതമായ ഒരു പരിഹാരം കണ്ടെത്തേണ്ട ഒരു വലിയ പ്രശ്നമാണിത്. 

       എന്തു തന്നെയായാലും ജീവിതത്തെ അതിൻ്റെ സമഗ്രതയിൽ നോക്കാനും കാണാനും നമുക്കാകുന്നില്ലെന്നുള്ളത് വ്യക്തമാണ്. ജീവിതത്തിൻ്റെ അർത്ഥം പുതു തലമുറയ്ക്ക് മനസ്സിലാക്കാൻ തക്ക യാതൊരു പദ്ധതിയും നമുക്കില്ല. ഔപചാരിക വിദ്യാഭ്യാസത്തിലും, ആത്മീയ വിദ്യാഭ്യാസത്തിലും, സാമൂഹ്യ വിദ്യാഭ്യാസത്തിലും ഒന്നിലും. മാതാപിതാക്കളിൽ നിന്നും നമുക്കിതു ലഭിക്കുന്നില്ല. തങ്ങൾക്കറിയാൻ പാടില്ലാത്തത് മാതാപിതാക്കൾക്കെങ്ങിനെ നൽകാനാകും. സന്തോഷവും സമാധാനവും എന്താണെന്ന് പറഞ്ഞു കൊടുക്കാൻ, കാണിച്ചു കൊടുക്കാൻ നമുക്കാകുമോ? ധനസമ്പാദനത്തിനപ്പുറം ജീവിതമില്ല എന്നു ചിന്തിക്കുന്ന ഒരു തലമുറ വളർന്നു വരുന്നിടത്ത് സന്തോഷവും സമാധാനവും പറഞ്ഞു കൊടുക്കുവാൻ ആർക്കാകും? മാറുന്ന ഭൗതീക സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കുവാനുള്ള ധനസമ്പാദനമാർഗ്ഗങ്ങൾ അന്വേഷിച്ച് തങ്ങളുടെ ആയുസ്സും ആരോഗ്യവും കഴിച്ചുകൂട്ടുകയാണ് പുതുതലമുറ. ഇതിനിടെ മാനസിക സമ്മർദ്ദങ്ങൾക്കടിപ്പെട്ട് ഇടയ്ക്കിടെ മനോരോഗ വിദഗ്ദ്ധരെ കാണാൻ സമയം കണ്ടെത്തേണ്ടിയും വരുന്നു. ഇതിനിടെ മനുഷ്യന് ഭൗതീക തലത്തിനപ്പുറം തൻ്റെ എല്ലാ പ്രക്രിയകളെയും സ്വാധീനിക്കുന്ന ഒരു മാനസീക തലം കൂടിയുണ്ടെന്നും അതിനെ പരിഗണിക്കേണ്ടത് ഭൗതീക വളർച്ചക്കപ്പുറം പ്രധാനമാണെന്നും ചിന്തിക്കാൻ നമുക്കെവി ടെ സമയം? ഈ മാനസീക തലമാണ് മനുഷ്യന് സന്തോഷവും സമാധാനവും ദു:ഖവും ദുരിതവും തരുന്നത്. ഈ മാനസീക തലം നമ്മുടെ സമ്മർദ്ദപൂർണ്ണമായ ചിന്തകൾക്കധീനമായി ശീലപ്പെട്ടു പോകുന്നതാണെന്നും അത്തരം ശീലപ്പെട്ട മനസ്സിനെ വിനോദോപാധികൾക്കൊന്നും ശാന്തമാക്കാനാകില്ലെന്നും നാമെങ്ങനെയറിയും? ഇന്നത്തെ മനുഷ്യൻ്റെ ഏറ്റവും വലിയ ഒരു പ്രശ്നം അവന് ചിന്തയിലും പ്രവൃത്തിയിലും ഒന്നും സമഗ്രതയില്ലന്നുള്ളതാണ്. അവൻ സ്പെഷ്യലൈസ്ഡ് ആണ്. ഏതെങ്കിലും ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവർ. സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെപ്പോലെ. അവരവരുടെ സ്പെഷ്യലൈസേഷനിൽ അവർ അഗ്രഗണ്യരാണ്. ചുറ്റുപാടുമുള്ളതി നെപ്പറ്റി അവർ ചിന്തിക്കാറില്ല. ചിന്തിക്കാൻ സമയവുമില്ല. അങ്ങിനെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ചിന്തക്കു താളം തെറ്റുന്നു. മനസ്സിനും. അത്തരം താളം തെറ്റലിന്  പരിഹാരം ഒന്നേയുള്ളൂ. മനസ്സിനെ സ്വന്തം വരുതിയിൽ കൊണ്ടുവരിക. ഇതിനുള്ള കുറുക്കുവഴിയാണ് സാമൂഹ്യ ബന്ധം.  അവന് തന്നത്താൻ നിലനിൽപ്പില്ലെന്നുമുള്ള തിരിച്ചറിവ്. അത്തരം ഇടപെടലുകളിൽ നിന്ന് മറ്റുള്ളവരെ പരിഗണിക്കാനുള്ള മനസ്സുണ്ടാകും. താനും തൻ്റെ സഹജീവികളുമായി വ്യത്യാസമില്ലെന്നുള്ള തിരിച്ചറിവുണ്ടാകും.  മറ്റുള്ളവരുടെ ദു:ഖത്തിൽ നമുക്കും വേദനയുണ്ടാകും. മറ്റുള്ളവർക്കായി തനിക്കേറ്റവും വേണ്ടപ്പെട്ടത് വേണ്ടെന്നു വെയ്ക്കാനുള്ള മനസ്സുണ്ടാവുക. അവിടെയാണ് സ്നേഹം ഉദിക്കുന്നത്. ആ സ്നേഹത്തിൽ നിന്നാണ് സന്തോഷമുണ്ടാകുന്നത്. അവിടെയാണ് വിവേകമുണ്ടാകുന്നത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള ശേഷി. പുതുതലമുറയിൽ അവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്സുണ്ടാകുന്നത് വലിയൊരു കാര്യം തന്നെയാണ്. എന്നാൽ അത് സമഗ്രമായ ഒരു വ്യക്തിത്വത്തിൻ്റെ ഭാഗമായുണ്ടാകുന്ന ഒരു സ്വത്വബോധമാണെന്നു കരുതാനാകുന്നില്ല. സമൂഹത്തിൻ്റെ ഭാഗമായല്ലാതെ മനുഷ്യന് ജീവിക്കാനാവില്ല. എന്നാൽ ഇന്നത്തെ യുവതലമുറ സമൂഹത്തിൻ്റെ ഭാഗമാകാതെ ഒറ്റക്കു നിൽക്കുവാൻ കൂടുതൽ ആഗ്രഹിക്കുന്നതായി തോന്നുന്നു. പൊതു സമൂഹവുമായി ഒത്തു പോകുവാനാവാത്ത ഒരു മാനസിക നിലയിലാണവർ ശീലപ്പെട്ടു പോകുന്നത്. ചുറ്റുപാടുമുള്ള സാംസ്കാരികാപചയങ്ങൾ അവരെ അസ്വസ്ഥരാക്കുന്നു. അതിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുവാനവർ ആഗ്രഹിക്കുന്നു. ഇതിൽ നിന്നൊക്കെ മാറി നിന്നുള്ള തങ്ങളുടേതായ ഒരു ലോകത്തിലവർ സുരക്ഷിതത്വം കണ്ടെത്തുന്നു. ചുറ്റുമുള്ള അപരിഷ്കൃത സമൂഹത്തിൽ നിന്നവർ ഓടിയൊളിക്കുന്നു. സ്വയം കേന്ദ്രിതമായ ഒരു ലോകത്തിലേക്കവർ എത്തിപ്പെടുന്നു. പതിയെപ്പതിയെ ഒറ്റപ്പെടലിൻ്റെ ഒരു മനോനില അവരെ ബാധിക്കുവാൻ തുടങ്ങും. അവിടെ ഒരു വികസിത വ്യക്തിത്വം ഒരിക്കലുമുണ്ടാകുകയില്ല. മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്ന വിശേഷബുദ്ധി ശരിയായ അർത്ഥത്തിൽ ഉണ്ടാകുന്നത് സമൂഹത്തിൻ്റെ ഭാഗമായി നിന്നുകൊണ്ട് തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം കൈവരുമ്പോഴാണ്. തങ്ങൾക്കു ചുറ്റുമുള്ള സർവ്വവും തങ്ങളുടെ തന്നെ ഭാഗമാണെന്നും അങ്ങിനെയുള്ള സമൂഹത്തിൽ ജീവിച്ചു കൊണ്ടു തന്നെ തൻ്റെ സ്വത്വവ്യക്തിത്വം നിലനിർത്തുമ്പോഴാണ് മനുഷ്യന് സ്വയം ആവിഷ്കരിക്കപ്പെടാൻ സാധിക്കുന്നത്. അവിടെയാണ് നമുക്ക് സന്തോഷവും സമാധാനവും സംതൃപ്തിയും ലഭിക്കുന്നത്. അത്തരം ജീവിതം സമൂഹത്തിൽ മാതൃകാപരമായിത്തീരുകയും സംസകാര സമ്പന്നതയ്ക്കു വഴികാട്ടിയായിത്തീരുകയും ചെയ്യും

Comments

Popular posts from this blog

സ്വാതന്ത്ര്യദിന ചിന്തകള്‍

                സ്വാതന്ത്ര്യ ദിനങ്ങള്‍ ആഘോഷങ്ങളായി പൊടിപൊടിക്കുന്നു .സ്വാതന്ത്ര്യ  ദിനാഘോഷം  എന്നാല്‍ ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ ഒരു ആചരണം എന്ന നിലയില്‍ ആഘോഷിക്കുക എന്നാണ് ഇന്ന് അര്‍ഥമാക്കിയിരിക്കുന്നത്.നമ്മെ സംബന്ധിച്ചിടത്തോളം നാം സ്വയംഭരണം നേടിക്കഴിഞ്ഞു. അതുകൊണ്ട്  പൂര്‍ണമായ സ്വാതന്ത്ര്യം നാം നേടിക്കഴിഞ്ഞോ? ഇതാണ് ഇന്നത്തെ ചിന്താവിഷയം.               സ്വാതന്ത്ര്യത്തിന്‍റെ  പരമാര്‍ഥം നാം ഗ്രഹിച്ചിട്ടുണ്ടോ?   സ്വാതന്ത്ര്യം എന്നാല്‍ എന്തും  ചെയ്യാനുള്ള ലൈസെന്‍സ് ആണെന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്. അവനവന്‍ അവനവനെത്തന്നെ ഭരിക്കുക എന്ന   അതിന്‍റെ  അര്‍ഥത്തില്‍ സ്വാതന്ത്ര്യത്തെ ഉള്‍ക്കൊണ്ടിട്ടുള്ളവര്‍ എത്രപേരുണ്ട്. അതുതന്നെയല്ലേ വ്യക്തിയുടെയായാലും സമൂഹത്തിന്‍റെയായാലും സകലവിധ കുഴപ്പങ്ങള്‍ക്കും , അസന്തുഷ്ടിക്കും കാരണം?